Thursday, December 9, 2010

പൊറോട്ടയും മുട്ടയും ഭാഗം 1

ഹിന്ദിയോട് പണ്ടേ ഇഷ്ടമില്ലത്തിതിനാലും , മലയാളം പരീക്ഷ എഴുതി കൈ ഒടിഞ്ഞവരുടെ കഥന കഥകള്‍ കേട്ടിരുന്നതിനാലും പ്രീഡിഗ്രി മുതലേ എന്റെ സെക്കന്റ്‌ ലാംഗ്വേജ് ഫ്രഞ്ച് ആയിരുന്നു . പ്രീ ഡിഗ്രിക്ക് ഏത് വേണം സെക്കന്റ്‌ ലാംഗ്വേജ് എന്ന് അഡ്മിഷന്‍ നടത്തിയ ആള്‍ ചോദിച്ചപ്പോള്‍ ,മലയാളവും ഹിന്ദിയും വേണ്ട എന്ന് പണ്ടേ തീരുമാനിച്ചതിനാല്‍ , " എന്തൊക്കെയുണ്ട് ? എന്നായിരുന്നു എന്റെ മറു ചോദ്യം . ഇങ്ങനെ ചോദിച്ചപ്പോള്‍ എനിക്ക് ഓര്‍മ്മ വന്നത് ഹോട്ടലില്‍ ഒക്കെ ആളുകള്‍ കഴിക്കാന്‍ ഇരിക്കുമ്പോള്‍ waiter വന്നു എന്ത് വേണം കഴിക്കാന്‍ എന്ന് ചോദിക്കുമ്പോള്‍ , എന്തൊക്കെ ഉണ്ട് എന്ന് നമ്മള്‍ ചോദിക്കുന്നതാണ് .
സിറിയക് , ഹിന്ദി , മലയാളം , ഫ്രഞ്ച് പുള്ളിക്കാരന്‍ ലിസ്റ്റ് നിരത്തി . സിറിയക്കിനു ചേര്‍ന്നാല്‍ മാര്‍ക്ക് വാരിക്കോരി തരാമെന്നും ,പിന്നെ ഈ മാര്‍ക്ക് രാവിലെയും ഉച്ചക്കും വൈകിട്ടും വലിച്ചു വാരി തിന്നു വയറു നിറയ്ക്കാമെന്നും പുള്ളിക്കാരന്‍ വാഗ്ദാനം ചെയ്തു. എന്റെ ബുദ്ധി ഉണര്‍ന്നു, എന്തെങ്ങിലും എഴുതിയാലല്ലേ നമുക്ക് മാര്‍ക്ക് കിട്ടുകയുള്ളൂ ( പിന്നീടത്‌ തെറ്റായിരുന്നു എന്ന് മനസിലായി ) മാത്രവുമല്ല എന്റെ ബുദ്ധി ഒക്കെ കണ്ടു ആരെങ്ങിലും എന്നെ ഫ്രാന്‍സിലേക്ക് കൊണ്ടുപോയാല്‍ , അവിടെ ചെന്ന് " അണ്ണാ , ദാഹിക്കുന്നു ,കുടിക്കാന്‍ ഇച്ചിരി കൊക്കകോള താ " എന്ന് ആരോടെങ്ങിലും പറയണമെങ്ങില്‍ അല്‍പ്പം ഫ്രഞ്ച് അറിഞ്ഞിരിക്കുന്നത് നല്ലതാണ് . ഞാന്‍ പറഞ്ഞു " ഫ്രഞ്ച് ". കൂടെ വന്ന എന്റെ പിതാശ്രീ എന്നെ അടിമുടി ഒന്ന് നോക്കി . എന്നിട്ടൊരു ചോദ്യം " അപ്പൊ നിനക്ക് മാര്‍ക്ക് വേണ്ടേ? "
ഞാന്‍ " അത് പിന്നെ ഒരു പുതിയ ലാംഗ്വേജ് പഠിക്കുന്നെ നല്ലതല്ലേ ?" ( സത്യത്തില്‍ സംഭവിച്ചത് , ഫ്രഞ്ച് എന്ന് കേട്ടപ്പോള്‍ , ഫ്രഞ്ച് കിസ്സ്‌ , ഫ്രഞ്ച് ബാത്ത് തുടങ്ങിയ ഇഷ്ടമുള്ള കാര്യങ്ങള്‍ ഓര്‍മയില്‍ വന്നതും , ഫ്രഞ്ച് എന്ന് അറിയാതെ പറഞ്ഞു പോയതുമാണ്. ആരോടും പറയണ്ട ).
അങ്ങനെ ഞാന്‍ ഒരു ഫ്രഞ്ച് കാരനായി നാല് കൊല്ലം ivanios ഇല്‍ കഴിഞ്ഞു . ഞാന്‍ സെക്കന്റ്‌ ഇയര്‍ ഡിഗ്രിക്ക് പഠിക്കുന്ന സമയം . അപ്പോള്‍ ഫ്രഞ്ച് ക്ലാസ്സ്‌ എടുക്കുന്നത് മാത്യു അച്ചന്‍ ആണ് . അച്ചന്‍ ഫ്രാന്‍‌സില്‍ പോയി വന്നതിനു ശേഷം, ക്ലാസ്സില്‍ ഫ്രഞ്ച് അല്ലാതെ വേറൊന്നും പറയില്ല . ഞങ്ങള്‍ക്ക് അച്ചനോട്‌ വല്ലോം ചോദിക്കണം എങ്കില്‍ അത് ഫ്രെഞ്ചില്‍ ചോദിക്കണം . അതിനാല്‍ തന്നെ ക്ലാസ്സില്‍ ഞങ്ങള്‍ക്ക് അധികം സംശയങ്ങള്‍ ഒന്നും ഇല്ലായിരുന്നു . അച്ചന്‍ വല്ലപ്പോഴും ഞങ്ങളോട് " നീയൊക്കെ ഒന്നും പഠിക്കുന്നില്ല " എന്നോ " നിനക്കൊന്നും മാര്‍ക്ക് കിട്ടില്ല " എന്നൊക്കെ ഞങ്ങളോട് ഫ്രെഞ്ചില്‍ പറഞ്ഞാല്‍ . ഞങ്ങളുടെ ഉത്തരം ഉയി ഉയി ( yes ) എന്നോ , മേര്സി (thank you ) എന്നോ ആയിരുന്നു .
ക്ലാസ്സ്‌ എന്ന് പറഞ്ഞാല്‍ ഞങ്ങള്‍ ആകെക്കൂടെ 4 ആമ്പിള്ളാരും പത്തു പണ്ട്രണ്ടു പെണ്‍പിള്ളാരും . ഈ പെന്പിള്ളാരെന്നു പറഞ്ഞാല്‍ എല്ലാ ബാച്ചിലെയും ഹാഷ് ബുഷ്‌ ആയിട്ടുള്ള കുറേപ്പേര്‍ . ഞങ്ങള്‍ 4 പേരില്‍ ആനന്ദ്‌ ഒരിക്കലും ക്ലാസ്സില്‍ കയറില്ല . ഇങ്ങനെ ഒന്നുക്ക് മൂന്നു വെച്ചുള്ള പെന്പിള്ളരുടെ കൂട്ടത്തില്‍ ഞങ്ങള്‍ പാവം മൂന്നുപേര്‍ വെയിറ്റ് ഒന്നും കളയാതെ മസില് പിടിച്ചു ഇരുന്നു ജീവിച്ചു പോയി .
പക്ഷെ ആ ദിവസം എല്ലാം തകര്‍ന്നു തരിപ്പണമായി !!!
(തുടരും ...)

No comments:

Post a Comment